"സെക്‌സ്‌റ്റോർഷൻ": നമ്മുടെ കുട്ടികൾ കെണിയിൽ പെടുന്നുണ്ടോ?
വർഷം 2022, 17 വയസ്സുകാരനായ ജോർഡൻ ഡിമേ എന്ന വിദ്യാർത്ഥിക്ക് സോഷ്യൽ മീഡിയയിൽ ഒരു പെൺകുട്ടിയുടേത് എന്ന് തോന്നിക്കുന്ന പ്രൊഫൈലിൽ നിന്ന് ഒരു മെസേജ് വരുന്നു. ഒരു sextortion ട്രാപ്പ്. 6 മണിക്കൂറിനുള്ളിൽ ബ്ലാക്ക് മെയിലിംഗ് താങ്ങാനാവാതെ ജോർഡൻ ആത്മഹത്യ ചെയ്യുന്നു!
ജോർഡൻ്റെ അമ്മ ജെന്നിഫർ ഇന്ന് സമൂഹ മാധ്യമങ്ങളിൽ സെക്‌സ്റ്റോർഷന് എതിരെയുള്ള ശക്തമായ പോരാട്ടത്തിലൂടെ ലോക ശ്രദ്ധയാർജിച്ചിട്ടുണ്ട്. 2022ന് ശേഷം മാത്രം മുപ്പതിലേറെ അമേരിക്കൻ കൗമാരക്കാർ സെക്‌സ്റ്റോർഷൻ ഇരകളായി ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇന്ത്യയിലും കേരളത്തിലും ഈയടുത്ത് തന്നെ നൂറു കണക്കിന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും കൃത്യമായ കണക്കുകൾ ലഭ്യമല്ല.

എന്താണ് സെക്‌സ്‌റ്റോർഷൻ?
സൈബർ ലോകത്ത് കുട്ടികൾ നേരിടുന്ന ഏറ്റവും വലിയ ചതിക്കുഴികളിലൊന്നാണ് സെക്‌സ്‌റ്റോർഷൻ (Sextortion). ലൈംഗികതയും ഭീഷണിയും (Sex + Extortion) ചേർന്ന ഈ കുറ്റകൃത്യം, വ്യക്തികളുടെ സ്വകാര്യ ചിത്രങ്ങളോ വീഡിയോകളോ ഉപയോഗിച്ച് അവരെ ഭീഷണിപ്പെടുത്തി പണം, കൂടുതൽ ലൈംഗിക ആവശ്യങ്ങൾ, അല്ലെങ്കിൽ മറ്റ് സ്വകാര്യ വിവരങ്ങൾ എന്നിവ നേടിയെടുക്കുന്ന രീതിയാണ്. രക്ഷിതാക്കളും സമൂഹവും അടിയന്തരമായി അറിഞ്ഞിരിക്കേണ്ടതും കുട്ടികളെ ബോധവൽക്കരിക്കേണ്ടതുമായ ലൈംഗിക ചൂഷണ മാർഗമാണ് sextortion. അപരിചിതർ വ്യാജ പ്രൊഫൈലുകളിലൂടെ കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും, ലൈംഗികമായ സംഭാഷണങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയും, തുടർന്ന് കുട്ടികളിൽ നിന്ന് സ്വകാര്യ ചിത്രങ്ങൾ ആവശ്യപ്പെടുകയോ അല്ലെങ്കിൽ സ്‌ക്രീൻഷോട്ട് എടുക്കുകയോ ചെയ്യുന്നതാണ് ചതിയുടെ രൂപം. എ.ഐ. (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് കുട്ടികളുടെ സാധാരണ ചിത്രങ്ങൾ നഗ്ന ചിത്രങ്ങളാക്കി മാറ്റിയോ, അല്ലെങ്കിൽ ഹാക്കിങ് അടക്കമുള്ള മാർഗ്ഗങ്ങളിലൂടെ ചിത്രങ്ങൾ കൈക്കലാക്കിയോ ഈ ബ്ലാക്ക് മെയിലിംഗ് സംഭവിക്കാം. ഫോട്ടോകൾക്ക് പകരം സെക്സ് ചാറ്റുകളോ പുറത്തുപോവാൻ ആഗ്രഹിക്കാത്ത സ്വകാര്യ വിവരങ്ങളോ ആവാം ഭീഷണിക്ക് ഉപയോഗിക്കുന്നത്. പല ഓൺലൈൻ ലോൺ ആപ്പുകളും മറ്റും ഹാക്കിങ് വഴി സെക്‌സ്റ്റോർഷൻ മറ്റൊരു രീതിയിൽ ഉപയോഗിക്കുന്നുണ്ട്.
എന്തിന് ചെയ്യുന്നു?
സെക്‌സ്‌റ്റോർഷന് ഇരയാകുന്നവരിൽ ബഹുഭൂരിപക്ഷവും കൗമാരക്കാരും കുട്ടികളുമാണ്. കുറ്റവാളിയുടെ ലക്ഷ്യം ഒന്നുകിൽ കൂടുതൽ നഗ്ന ചിത്രങ്ങളോ വീഡിയോകളോ നേടിയെടുക്കാനോ, ലൈവ് സെക്സ് വീഡിയോ ചെയ്യാനോ, അല്ലെങ്കിൽ ഓഫ്‌ലൈനിൽ നേരിട്ട് ലൈംഗികമായി ഇരയെ ഉപയോഗിക്കാനോ ആയിരിക്കാം. അതല്ലെങ്കിൽ ഭീഷണിപ്പെടുത്തി സാമ്പത്തിക ചൂഷണം ചെയ്യാം. സെക്‌സ്‌റ്റോർഷൻ്റെ മറ്റൊരു സാധ്യത പോൺ സൈറ്റുകളിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും ഇത്തരം ചിത്രങ്ങളും വീഡിയോകളും അപ്ലോഡ് ചെയ്യുക എന്നതാണ്. പോൺ ഇൻഡസ്ട്രിയിൽ ഇത്തരത്തിൽ ചൂഷണത്തിന് ഇരയാക്കിയും പിന്നീട് ഭീഷണിപ്പെടുത്തി വഴങ്ങിപ്പിച്ചും വലിയൊരു ശതമാനം കണ്ടൻ്റുകൾ എത്തുന്നുണ്ട് എന്ന് പഠനങ്ങളും ഇരകളുടെ വെളിപ്പെടുത്തലും പറയുന്നു.

ഞെട്ടിപ്പിക്കുന്ന കണക്കുകൾ
2023ലെ കണക്കുപ്രകാരം 1,83,000 ഇരകൾ ഓൺലൈൻ വഴിയുള്ള ലൈംഗിക കെണികളിൽപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്! പഠനങ്ങൾ പറയുന്നത് അഞ്ചിൽ ഒന്ന് ടീനേജ് പ്രായത്തിലുള്ള പെൺകുട്ടികളും സെക്‌സ്‌റ്റോർഷന് ഇരയാകുന്നു എന്നാണ്! മുതിർന്ന സ്ത്രീകളും പുരുഷന്മാരും ഇരകളാകുന്നുണ്ടെങ്കിലും, ഓൺലൈനിൽ പരിചയപ്പെടുന്നവരെ പെട്ടെന്ന് വിശ്വസിക്കുന്ന കുട്ടികളും കൗമാരക്കാരും, പ്രത്യേകിച്ച് പെൺകുട്ടികളുമാണ് ഈ ചതിക്കുഴിയിൽ ഏറ്റവും കൂടുതൽ വീഴുന്നത്.
എങ്ങനെ പ്രതിരോധിക്കാം?
കുട്ടികളെ സെക്‌സ്റ്റോർഷനിൽ നിന്ന് രക്ഷിക്കാൻ രക്ഷിതാക്കൾ തന്നെയാണ് അതീവ ജാഗ്രത പാലിക്കുകയും മുൻകൈയെടുക്കുകയും ചെയ്യേണ്ടത്.
1. മൊബൈൽ ഉപയോഗത്തിന് മുൻപുള്ള തുറന്ന സംഭാഷണം: കുട്ടികൾ മൊബൈലും ഇൻ്റർനെറ്റും സോഷ്യൽ മീഡിയയും ഉപയോഗിച്ച് തുടങ്ങുന്നതിന് മുൻപ് തന്നെ സൈബർ സുരക്ഷയെക്കുറിച്ചും ലൈംഗിക ചൂഷണങ്ങളെക്കുറിച്ചും തുറന്നതും ഭയരഹിതവുമായ സംഭാഷണം ഉണ്ടാകണം.
2. സ്വകാര്യതയുടെ പ്രാധാന്യം: ഒരു വ്യക്തിഗത ചിത്രം, അത് ഓൺലൈനിൽ പങ്കുവെച്ചു കഴിഞ്ഞാൽ എന്നെന്നേക്കുമായി അതിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെടുമെന്ന് കുട്ടിയെ ബോധ്യപ്പെടുത്തുക.
3. ഓൺലൈൻ പെരുമാറ്റം പഠിപ്പിക്കുക:
a. അപരിചിതരെ ഒഴിവാക്കുക: ഓൺലൈനിൽ കാണുന്ന എല്ലാവരും യഥാർത്ഥ വ്യക്തികളല്ലെന്നും, അപരിചിതരോട് സംസാരിക്കരുതെന്നും പഠിപ്പിക്കുക.
b. ഫേക്ക് പ്രൊഫൈലുകൾ: വ്യാജ പ്രൊഫൈലുകളെ എങ്ങനെ തിരിച്ചറിയണമെന്നും (ഉദാഹരണത്തിന്, ഒറ്റ ദിവസം കൊണ്ട് ഉണ്ടാക്കിയ പ്രൊഫൈൽ, കുറഞ്ഞ ഫോളോവേഴ്‌സ്) അത്തരം പ്രൊഫൈലുകളോട് ഒരു കാരണവശാലും ഇടപെഴകരുത് എന്നും നിർദ്ദേശിക്കുക.
5. സൗഹൃദ നിയന്ത്രണം: ഓൺലൈൻ വഴിയുള്ള അമിതമായതും രഹസ്യമായതുമായ സൗഹൃദങ്ങൾ കുട്ടികൾക്കില്ലെന്ന് രക്ഷിതാക്കൾ ഒരു ഉറപ്പാക്കണം.
6. ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ ശ്രദ്ധിക്കാൻ പഠിപ്പിക്കുക : a. നഗ്നചിത്രങ്ങൾ അയക്കരുത്: തൻ്റെ ശരീരഭാഗങ്ങളുടെയോ നഗ്നമായതോ ലൈംഗികച്ചുവയുള്ളതോ ആയ ചിത്രങ്ങൾ ആർക്കും, എത്ര വിശ്വസ്തനാണെന്ന് തോന്നിയാലും, അയക്കരുത് എന്ന് കർശനമായി ഉപദേശിക്കുക.
b. വെബ്ക്യാം സുരക്ഷ: കമ്പ്യൂട്ടറിലെ വെബ്ക്യാം ഉപയോഗിക്കാത്ത സമയങ്ങളിൽ മൂടിയിടാൻ ശീലിപ്പിക്കുക.
c. ഡാറ്റ സുരക്ഷ: ഹാക്ക് ചെയ്യപ്പെടാനോ മറ്റേതെങ്കിലും രീതിയിൽ മറ്റുള്ളവർക്ക് ഉപയോഗപ്പെടുത്താനോ സാധ്യതയുള്ളത് കൊണ്ട് സ്വന്തം ചിത്രങ്ങൾ സുരക്ഷിതമല്ലാത്ത സ്റ്റോറേജുകളിൽ സൂക്ഷിക്കരുത് എന്നും സ്വന്തം നഗ്ന ചിത്രങ്ങൾ എടുത്ത് സ്വയം സൂക്ഷിക്കുന്നത് പോലും അപകടകരമാണ് എന്നും ബോധ്യപ്പെട്ടുത്തുക.

കെണിയിൽ പെട്ടാൽ എന്തുചെയ്യണം? അഥവാ കുട്ടി അറിയാതെയോ നിർബന്ധിതരായോ കെണിയിൽ പെട്ടുപോയാൽ, ഭയപ്പെടാതെ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക: മാതാപിതാക്കളോട് തുറന്ന് പറയുക: ഭീഷണിയോ മറ്റ് ബുദ്ധിമുട്ടുകളോ വന്നാൽ രക്ഷിതാവിനോട് തുറന്ന് സംസാരിക്കാൻ സാധിക്കണം. കുറ്റപ്പെടുത്തൽ കേൾക്കാതെ, സുരക്ഷിതമായി തനിക്ക് രക്ഷിതാവിനോട് സംസാരിക്കാം എന്ന ബോധ്യം കുട്ടിക്കുണ്ടാവണം. പണം നൽകരുത്: extortion ചെയ്യുന്നവർക്ക് പണം നൽകരുത്. പണം നൽകിയാൽ ഭീഷണി കൂടാനോ വീണ്ടും പണം ആവശ്യപ്പെടാനോ ആണ് സാധ്യത. തെളിവുകൾ ശേഖരിക്കുക: ഭീഷണി സന്ദേശങ്ങൾ, പ്രൊഫൈലുകൾ, സംഭാഷണങ്ങൾ എന്നിവയുടെയെല്ലാം സ്ക്രീൻഷോട്ടുകൾ എടുത്ത് തെളിവായി സൂക്ഷിക്കുക. യാതൊരു കാരണവശാലും സന്ദേശങ്ങളോ പ്രൊഫൈലുകളോ ഡിലീറ്റ് ചെയ്യരുത്. ബ്ലോക്ക് ചെയ്യുക: ഭീഷണിപ്പെടുത്തുന്നവരെ എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഉടൻ ബ്ലോക്ക് ചെയ്യുക. നിയമനടപടി: ഭയപ്പെടാതെ ധീരതയോടെ നിയമനടപടി സ്വീകരിക്കാൻ കുട്ടിക്കും രക്ഷിതാവിനും സാധിക്കണം. അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബർ സെല്ലിലോ പരാതി നൽകുക. ഇന്ത്യയില്‍, വിവരസാങ്കേതിക നിയമം (IT Act) സെക്ഷന്‍ 66E, 67 എന്നിവയാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നത്. മാനസികാരോഗ്യം ഉറപ്പ് വരുത്തുക: ഇരയായ കുട്ടിക്ക് വൈകാരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകൾ, ആത്മഹത്യാ പ്രവണത തുടങ്ങിയവ ഉണ്ടാവാനിടയുള്ളത് കൊണ്ട് നിർബന്ധമായും ഒരു മാനസികാരോഗ്യ വിദഗ്ധനെ സമീപിച്ച് കൗൺസലിംഗ് സേവനം നേടുക. സെക്‌സ്‌റ്റോർഷൻ ഒരു കുറ്റകൃത്യമാണ്. കുട്ടികൾക്ക് സൈബർ ലോകത്ത് സുരക്ഷിതമായ, ധാർമികമായ ഇടം ഉറപ്പാക്കാൻ ഓരോ രക്ഷിതാവും സമൂഹവും ഒന്നിച്ച് പ്രവർത്തിക്കേണ്ടുണ്ട്
Written by:
മുഹമ്മദ് നസീം
സൈക്കോളജിസ്റ്റ്