തലച്ചോറും പോണോഗ്രഫിയും. ഒരു മനഃശാസ്ത്ര അവലോകനം.

തലച്ചോറും പോണോഗ്രഫിയും. ഒരു മനഃശാസ്ത്ര അവലോകനം.
Photo by Robina Weermeijer / Unsplash

ആധുനിക ഡിജിറ്റൽ കാലഘട്ടത്തിന്റെ അനേകം ചതിക്കുഴികളിലൊന്നാണ് പോണോഗ്രഫിയെന്ന് നാമെല്ലാം തിരിച്ചറിഞ്ഞു കഴിഞ്ഞതാണ്.
പോൺ ഉപയോഗം മൂലം ജീവിതത്തിന്റെ പല മേഖലകൾ താളം തെറ്റി സഹായം തേടുന്നവർ തെറാപ്പി റൂമികളിലെ സ്ഥിരം സാന്നിധ്യമായി മാറിയിട്ടുണ്ടെന്ന് മനഃശാസ്ത്ര വിദഗ്ദർ സാക്ഷ്യപ്പെടുത്തുന്നു.
ധാർമികമായി പോൺ ഉപയോഗം ശരിയോ തെറ്റോ എന്ന ധാരാളം ചർച്ചകൾ സൈബറിടങ്ങളിൽ നമുക്ക് കാണാം, എന്നാൽ ഇതിന്റെ മനഃശാസ്ത്ര വശം ഒന്ന് പരിശോധിക്കാം.

മനുഷ്യ മസ്‌തിഷ്കം അങ്ങേയറ്റം സങ്കീർണമായ പ്രവർത്തനങ്ങൾ ഉൾകൊള്ളുന്ന ഒന്നാണ്. നമ്മുടെ നിലനിൽപിന് വേണ്ടിയുള്ള അനേകം യാന്ത്രികമായ പ്രവർത്തനങ്ങൾ അതിൽ നടന്നുകൊണ്ടിരിക്കുന്നു. നമ്മൾ ഭക്ഷണം കഴിക്കുമ്പോളോ, സുഹൃത്തുക്കളുമായി സമയം ചിലവഴിക്കുമ്പോളോ നാമനുഭവിക്കുന്ന ഒരു തരം ആനന്ദം ഇതിനു തെളിവാണ്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോളെല്ലാം നമ്മുടെ തലച്ചോറിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഡോപമിൻ എന്ന ന്യൂറോട്രാൻസ്‌മിറ്റർ ആണ് ഇതിനു പിന്നിൽ. വെറുതെ ആനന്ദം സൃഷ്ടിക്കുക എന്നതിനപ്പുറം, ഈ പ്രവർത്തി പ്രധാനമാണെന്നു മനസ്സിലാക്കി, ഇത് വീണ്ടും ചെയ്യണമെന്നും തലച്ചോറിനെ പ്രേരിപ്പിക്കുകയാണ് ഡോപമിൻ ചെയ്യുന്നത്.

ലൈംഗികത എന്നത് മനുഷ്യന്റെ നിലനിൽപിന് അങ്ങേയറ്റം പ്രധാനമാണ്. അതിനാൽ തന്നെ ലൈംഗിക ഉത്തേജനം ഡോപമിൻ ഉൽപാദനത്തെ അങ്ങേയറ്റം പ്രേരിപ്പിക്കുന്നു. എന്നാൽ പ്രകൃതിപരമായ ലൈംഗികതയിൽ നിന്നും പോണോഗ്രാഫി അങ്ങേയറ്റം വേറിട്ടു നിൽക്കുന്നതാണ്. അങ്ങേയറ്റം വൈകാരികമായി നടക്കേണ്ട ഒരു പ്രവർത്തനത്തെ, ഒറ്റ ക്ലിക്കിനപ്പുറം നൊടിയിടയിൽ നമുക്ക് മുന്നിലെത്തിച്ചു കൊണ്ട് പോണോഗ്രാഫി നമ്മുടെ തലച്ചോറിൽ ഉയർന്ന ഡോപമിൻ ഉത്പാദനത്തിന് തിരി കൊളുത്തുന്നു. അറ്റമില്ലാത്ത കോൺടെന്റുകളും , തിരഞ്ഞെടുക്കാനായി വിത്യസ്ത തരത്തിലും തീവ്രതകളിലുമുള്ള ഓപ്ഷനുകളും നിരത്തി അത് മനുഷ്യന് മുന്നിൽ ഒരു മായാലോകം തന്നെ തീർക്കുന്നു. പ്രകൃതിപരമായി നടക്കേണ്ട പ്രവർത്തനങ്ങളെ തലച്ചോറിനുള്ളിൽ കൃത്രിമമായി സൃഷ്ടിക്കാൻ അങ്ങനെ പോൺ വീഡിയോകൾക്ക് സാധിക്കുന്നു. ഇങ്ങനെയാണ് പോണോഗ്രാഫി ഒരു സൂപ്പർനോർമൽ ഉത്തേജകമായി (Supernormal stimulus) വർത്തിക്കുന്നത്.

ഈ പ്രവർത്തനത്തിന്റെ സ്വഭാവിക ഫലമെന്നോണം വീണ്ടും ഇത്തരം വീഡിയോകൾ സന്ദർശിക്കാൻ മനുഷ്യന് ആന്തരികമായ പ്രചോദനമുണ്ടാകുന്നുണ്ട്. ഏതൊരു കാര്യവും ആവർത്തനത്തിലൂടെ പഠിച്ചെടുക്കാനുള്ള കഴിവ് മനുഷ്യന്റെ തലച്ചോറിന്നുണ്ട് (Neuro plasticity). തലച്ചോറിന്റെ ഈ പ്രത്യേകത ഇവിടെ വില്ലനായെത്തുന്നു. എപ്പോഴെല്ലാം ലൈംഗിക ഉത്തേജനം ഉണ്ടാകുന്നുവോ അപ്പോഴെല്ലാം പോണോഗ്രാഫിയിൽ അഭയം തേടുന്നതിലേക്കു ഇത് മനുഷ്യനെ നയിക്കുന്നു.ഇത് തിരിച്ചറിയുകയും ക്രമീകരിക്കുകയും ചെയ്യാത്ത പക്ഷം, യഥാർത്ഥ സാമൂഹിക ബന്ധങ്ങളിൽ ക്രമേണ താല്പര്യം കുറഞ്ഞു വരികയും, തൽക്ഷണ സംതൃപ്തി (Instant gratification) നേടാൻ വെമ്പുകയും ചെയ്യുന്ന അവസ്ഥയിലേക്ക് മനുഷ്യനെ ഇത് നയിക്കുന്നു.

തലച്ചോറിന്റെ നിയന്ത്രണ കേന്ദ്രം എന്നറിയപ്പെടുന്ന പ്രിഫ്രണ്ടൽ കോർട്ടെക്സ് (Prefrontal cortex) ആണ് മനുഷ്യന്റെ തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയ (Decision making), പ്രേരണ നിയന്ത്രണം (Impulse control) പ്ലാനിങ് മുതലായ കാര്യങ്ങളെ നിയന്ത്രിക്കുന്നത്. ആവർത്തിച്ചുള്ള പോൺ ഉപയോഗം പ്രിഫ്രണ്ടൽ കോർട്ടേക്സിനെ ബാധിക്കുകയും ചേതനകളെ നിയന്ത്രിക്കാനുള്ള അതിന്റെ കഴിവിനെ ദുർബലമാക്കുകയും ചെയ്യുന്നു. നമ്മൾ നിയന്ത്രിക്കണം എന്നാഗ്രഹിച്ചാൽ പോലും അതിന് കഴിയാത്ത തരത്തിലുള്ള ഒരു നിർബന്ധിതാവസ്ഥയിലേക്കാണ് (Compulsive state) ഇത് മനസ്സിനെ നയിക്കുന്നത്. അനന്തരഫലങ്ങളെ അവഗണിക്കുകയും നൈമിഷികമായ സംതൃപ്തി നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് നമ്മുടെ മസ്‌തിഷ്കം മാറുന്നു.

ഈ അവസ്ഥയിൽ നിന്നും ഒരു തിരിച്ചു വരവ് സാധ്യമാണോ?

തീർച്ചയായും അതെ എന്നാണ് ഉത്തരം.
കേൾക്കുമ്പോൾ അല്പം ഗുരുതരം എന്നു തോന്നാമെങ്കിലും, കൃത്യമായ ഇടപെടലുകളിലൂടെ തിരിച്ചെടുക്കാവുന്ന മാറ്റങ്ങൾ മാത്രമാണത്. ആവർത്തനങ്ങളിലൂടെ എന്തും പഠിച്ചെടുക്കാനുള്ള തലച്ചോറിന്റെ അപാരമായ കഴിവ് (നാം മേൽ പറഞ്ഞ neuro plasticity) തന്നെയാണ് ഇവിടെ രക്ഷകനും. അപകടപരമായ ശീലങ്ങൾ പഠിച്ചെടുത്തത് പോലെ തന്നെ അതിനെ ഗുണകരമായ ശീലങ്ങൾ കൊണ്ട് മാറ്റിസ്ഥാപിക്കാനും നമ്മുടെ മസ്‌തിഷ്കത്തിനു കഴിയും.

പോൺ ഉപയോഗത്തിലേക്കു നയിക്കുന്ന ട്രിഗ്ഗറുകൾ തിരിച്ചറിയുക എന്നതാണ് മാറ്റത്തിലേക്കുള്ള ആദ്യത്തെ പടി. അത് തിരിച്ചറിഞ്ഞു കഴിഞ്ഞാൽ ഒരു പ്രേരണക്കും അതിന്റെ ഫലമായി ഉണ്ടാകുന്ന പ്രവർത്തനത്തിനും ഇടയിൽ സ്വയം തടസ്സങ്ങൾ സൃഷ്ടിക്കുക എന്നതാണ് അടുത്ത പ്രക്രിയ. Website കൾ ബ്ലോക്ക്‌ ചെയ്യുക, ബ്രൗസർകൾ സൈൻ ഔട്ട്‌ ചെയ്തു വെക്കുക മുതലായ മാർഗങ്ങൾ ഇവിടെ സ്വീകരിക്കാവുന്നതാണ്. സ്വയം നിയന്ത്രണം എന്നതാണ് അടുത്ത പടി.ജേർണലിങ് ചെയ്യുക, ശാരീരിക-കായിക പ്രവർത്തനങ്ങൾ അധികരിപ്പിക്കുക, അടുപ്പമുള്ള ആരോടെങ്കിലും സംസാരിക്കുക, വിദഗ്ധ സഹായം തേടുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ മെച്ചപ്പെട്ട ആത്മ നിയന്ത്രണം വളർത്തിയെടുക്കാൻ നമുക്ക് സാധിക്കും.

മനസ്സിലുണ്ടാവുക: ഒരു സുപ്രഭാതത്തിൽ സംഭവിക്കുന്ന ഒന്നല്ല മാറ്റം. ക്ഷമയും സ്ഥിരതയും കൈമുതലാക്കുക. അനേക സാധ്യതകളുള്ള മനുഷ്യ മസ്‌തിഷ്കം എന്ന മഹാത്ഭുതം നമ്മുടെ കൈകളിലുണ്ട്. പഠിക്കാം... പരിശീലിക്കാം... അർത്ഥപൂർണമായ അനുഭവങ്ങളുടെ അന്വേഷണമായി ജീവിതത്തെ മാറ്റാം...

-Irfan Saifu K

Support the Mission

We are an early NGO with limited financial support. Help us foster recoveries and continue to educate and raise awareness on the harmful effects of pornography and sexual exploitation.

Donate to detoxmind