സ്വയം ഭോഗം സെൽഫ് കെയറോ മാനസിക പ്രശ്നമോ? അശ്ലീലതയുടെ മാർക്കറ്റും സെക്സ് ടോയ്സിൻ്റെ രാഷ്ട്രീയവും
മാസ്റ്റർബേഷനെയും പോൺ ഉപയോഗത്തെയും നോർമലൈസ് ചെയ്യാൻ പലരും ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. സെക്സ് ടോയ് നിർമ്മാതാക്കൾ മുതൽ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ വരെ ഭാഗമായ വലിയൊരു പ്രൊപ്പഗണ്ട തന്നെ കേരളത്തിൽ പോലും ഇതിൻ്റെ ഭാഗമായി നടക്കുന്നുണ്ട്. സ്വയംഭോഗം യാതൊരു പ്രശ്നവുമില്ലാത്ത സ്വാഭാവിക ലൈംഗിക പ്രവർത്തിയാണെന്നും അതിനെ ലജ്ജ കൂടാതെ നോർമലൈസ് ചെയ്യണമെന്നും വാദിച്ചുകൊണ്ട് കേരളത്തിലെ വിവിധ കാമ്പസുകളിൽ മാസ്റ്റർബേഷൻ ഡേ വരെ അടുത്ത കാലത്ത് ചില സംഘടനകൾ മുൻകൈയെടുത്ത് നടത്തിയിട്ടുണ്ട്. അതിനും മുന്നേ തന്നെ സോഷ്യൽ മീഡിയകൾ വഴിയും മറ്റും അത്തരത്തിലുള്ള ആശയങ്ങൾ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. മലയാളികളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ സ്വയംഭോഗത്തെ 'സെൽഫ് കെയർ' എന്ന പേരിൽ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്ന പല ലിബറൽ - ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുകളും അങ്ങിങ്ങായി കുറേ കാലമായി രംഗത്തുണ്ട്. ഒരു പടികൂടി കടന്ന് സെക്സ് ടോയ് കമ്പനികൾ തന്നെ കേരള മാർക്കറ്റിൽ ഇറങ്ങിയിരിക്കുന്ന കാഴ്ചകളാണ് അടുത്ത സമയത്തായി കാണുന്നത്. സ്ത്രീകളായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനെ ഉപയോഗിച്ച് സെക്സ് ടോയ് പരസ്യങ്ങൾ പ്രായപൂർത്തിയാവാത്ത കുട്ടികൾ അടക്കമുള്ള സ്ത്രീ സമൂഹത്തിലേക്ക് എക്സ്പ്ലിസിറ്റ് ആയി ഇന്ന് പ്രചരിച്ചു കൊണ്ടിരിക്കുന്നുണ്ട്.

ഇതേ സമയം ലോകമാവട്ടെ, അനിയന്ത്രിതമായ പോൺ ഉപയോഗത്തിൻ്റെയും സ്വയംഭോഗത്തിൻ്റെയും പ്രശ്നങ്ങളെക്കുറിച്ച് ബോധവാൻമാരായിക്കൊണ്ടിരിക്കുകയാണ്. അശ്ലീല വീഡിയോകളും സ്വയംഭോഗവും തകർക്കുന്ന ജീവിതങ്ങളെപ്പറ്റി മനശാസ്ത്ര മേഖലയിൽ നിന്നും പല പഠനങ്ങളും വന്നു കഴിഞ്ഞു. കുടുംബപ്രശ്നങ്ങൾ മുതൽ ഗുരുതര മാനസിക പ്രശ്നങ്ങൾ വരെ സൃഷ്ടിക്കുന്ന മാസ്റ്റർബേഷൻ്റെയും പോൺ അഡിക്ഷൻ്റെ ഭയാനകതയെ സംബന്ധിച്ച് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഫാമിലി കൗൺസിലർമാരുടെയും സൈക്കോളജിസ്റ്റുകളുടെയും ഡോക്ടർമാരുടെയും അനുഭവവിവരണങ്ങൾ മലയാളത്തിൽ പോലും ലഭ്യമാകുന്ന കാലത്താണ് ഇത്തരം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പരസ്യങ്ങൾ വരുന്നത്. സ്വയംഭോഗം വ്യക്തിയുടെയും സമൂഹത്തിൻ്റെയും ആരോഗ്യത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളെ തിരിച്ചറിഞ്ഞ് 'No Fap' മൂവ്മെൻ്റുകളും NNN ചലഞ്ചുകളും മറ്റും സാമൂഹ്യമാധ്യമങ്ങളിൽ ലോകമെങ്ങും ചർച്ചയായിക്കൊണ്ടിരിക്കുന്ന കാലം കൂടിയാണിത് എന്നോർക്കണം.
സ്വയംഭോഗത്തെ നോർമലൈസ് ചെയ്യാൻ ശ്രമിക്കുന്നവർ, പ്രത്യേകിച്ച് ഫെമിനിസ്റ്റുകൾ അതിനെയൊരു സ്ത്രീ ലൈംഗിക വിപ്ലവമായാണ് കാണുന്നത്. നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട, ചർച്ച ചെയ്യാൻ എല്ലാവരും മടിച്ച ലൈംഗികതയെ, വിശിഷ്യ സ്ത്രീ ലൈംഗികതയെ ചർച്ച ചെയ്യുന്നതും നോർമലൈസ് ചെയ്യുന്നതും സ്ത്രീ ശാക്തീകരണത്തിനും ബോഡി പോസിറ്റിവിറ്റി ആശയ പ്രചരണത്തിനുമാണെന്നും വാദിച്ച് ഇതൊരു പുരോഗമന രാഷ്ട്രീയ പ്രശ്നമായാണ് അവർ ഉയർത്തിക്കാണിക്കുന്നത്. എന്നാൽ യാഥാർത്ഥ്യമെന്താണ്?
ഒന്നാമതായി എംപവർമെൻ്റിന് പകരം ഇവിടെ സംഭവിക്കുന്നത് അഡിക്ഷനും ഉപകരണ അടിമത്വവും മാനസിക പ്രശ്നങ്ങളും ആസക്തിയുമാണ് എന്നത് ഒരു റിയാലിറ്റി. രണ്ടാമതായി ഇവർ പ്രൊമോട്ട് ചെയ്യുന്ന സെക്സ് ടോയ്കൾ തന്നെ പരിശോധിക്കാം, ലോകത്ത് ഏറ്റവും വളർച്ചയുള്ള മൾട്ടി ബില്യൺ ഡോളർ ഇൻഡസ്ട്രികളിൽ ഒന്നാണ് സെക്സ് ടോയ് ഉത്പാദനവും വിതരണവും. ഇതിൻ്റെ അനുബന്ധമായി വരുന്ന പോൺ ആവട്ടെ, അതിനേക്കാൾ വലിയ ആഗോള കോർപ്പറേറ്റ് ഭീമൻമാർ നിയന്ത്രിക്കുന്ന ഇൻഡസ്ട്രിയാണ് (സ്വയംഭോഗം ചെയ്യുന്നവരിൽ 80 ശതമാനത്തിലധികം പേർ പോൺ ഉപയോഗിക്കുന്നുണ്ട് എന്ന് ചില പഠനങ്ങൾ പറയുന്നു). പോൺ ഇൻഡസ്ട്രി നിലനിൽക്കുന്നത് തന്നെ സ്ത്രീകളെയും കുട്ടികളെയും നേരിട്ടും അല്ലാതെയുമുള്ള ചൂഷണങ്ങൾക്കിരയാക്കിയാണ്. നല്ലൊരു ജീവിതം തേടിയോ പട്ടിണിയിൽ നിന്ന് രക്ഷപെടാനോ ശ്രമിക്കുന്ന ആയിരക്കണക്കിന് സ്ത്രീകളും പെൺകുട്ടികളുമാണ് പോൺ ഇൻഡസ്ട്രിയിൽ ചൂഷണത്തിന് ഇരയാക്കപ്പെടുന്നത്. അതിനുപുറമെയാണ് പോൺ മാർക്കറ്റിൽ വൻ തോതിൽ വിറ്റഴിക്കപ്പെടുന്ന ഒളിക്യാമറ ദൃശ്യങ്ങൾ. എത്രയോ സ്ത്രീകളുടെ അഭിമാനവും സ്വകാര്യതയും ചവിട്ടിമെതിച്ചാണ് ടോയ്‌ലറ്റുകളും വസ്ത്രം മാറുന്ന ഇടങ്ങളും മുതൽ വീടുകൾക്കുള്ളിൽ വരെ എത്തുന്ന ക്യാമറ കണ്ണുകൾ വഴി ഈ ഇൻഡസ്ട്രി നിലനിൽക്കുന്നത്. ചുരുക്കത്തിൽ ഇടതു ലിബറലുകൾ പോലും മാസ്റ്റർബേഷനെ സപ്പോർട്ട് ചെയ്യുന്നത് വഴി പ്രയോഗത്തിൽ പിന്തുണക്കുന്നത് ആഗോള ക്യാപിറ്റലിസ്റ്റ് ചൂഷണ വ്യവസ്ഥയെയാണ്. ഇതാണ് പോണിൻ്റെയും സെക്സ് ടോയ്സിൻ്റെയും മാസ്റ്റർബേഷന്റെയും രാഷ്ട്രീയവും സാമ്പത്തിക ശാസ്ത്രവും.

അതിൻ്റെ സാമൂഹിക പ്രശ്നങ്ങൾ ഇവിടെയും തീരുന്നില്ല. വലിയൊരു ശതമാനം പോൺ വീഡിയോസ് വയലൻസിനെ പ്രൊമോട്ട് ചെയ്യുന്നതാണ്. നിരന്തരമായ പോൺ വാച്ചിംഗും മാസ്റ്റർബേഷനും വഴി ലിബിഡോ താളം തെറ്റുകയും മനസ്സ് വയലൻസിലേക്ക് ഡീസെൻസിറ്റൈസ് ആയി മാറുകയും ചെയ്യുന്നവർ ലൈംഗിക അതിക്രമങ്ങൾ ചെയ്യാൻ സാധ്യത വളരെ കൂടുതലാണ് എന്ന് പഠനങ്ങൾ പറയുന്നു. എന്നുവെച്ചാൽ ലിബറലുകളും ഫെമിനിസ്റ്റുകളും ഉയർത്തുന്ന ലൈംഗിക രാഷ്ട്രീയം തന്നെയാണ് ഇന്ന് നമ്മുടെ വാർത്താമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ബലാത്സംഗ പീഡന പരമ്പരകൾക്ക് ഒരു കാരണം.
മറ്റൊരു പ്രശ്നം കുടുംബങ്ങളെ ബാധിക്കുന്നതാണ്. ഇന്ന് നമുക്ക് ചുറ്റും നടക്കുന്ന ആയിരക്കണക്കിന് വിവാഹമോചനങ്ങൾക്കും ദാമ്പത്യ പ്രശ്നങ്ങൾക്കും ഒരു പ്രധാന കാരണം പോൺ അഡിക്ഷനും സ്വയംഭോഗവുമാണ്. നിരന്തരമായ സ്വയംഭോഗം മൂലം പാർട്ണറിനോടുള്ള വികാരങ്ങൾ തോന്നാത്തവർ ഒരു വശത്ത്, പോണിൽ കാണുന്ന രീതിയിൽ വയലൻ്റ് ആയതോ വൈകൃതങ്ങൾ നിറഞ്ഞതോ ആയ സെക്സിന് ശ്രമിച്ച് സ്വന്തം ഭാര്യമാരെ പീഡിപ്പിക്കുന്നവർ മറുവശത്ത്, പോൺ കണ്ട് സെക്സിനെ പറ്റി അമിത പ്രതീക്ഷയിൽ പങ്കാളിയെ സമീപിച്ച് യഥാർത്ഥ സെക്സിലെത്തുമ്പോൾ പ്രതീക്ഷകൾ തെറ്റുമ്പോൾ തകർന്നു പോകുന്നവർ മറ്റൊരു കൂട്ടർ. അവസാനം എല്ലാം എത്തിച്ചേരുന്നതാവട്ടെ, കുടുംബത്തിൻ്റെ തകർച്ചയിലും.
എന്നാൽ ഇതിൻ്റെയൊക്കെ അപ്പുറം ഇതേറ്റവും കൂടുതൽ ബാധിക്കുന്നത് വ്യക്തിയെ തന്നെയാണ്. അമിത ലൈംഗികാസക്തി മുതൽ ലൈംഗിക താൽപര്യം നഷ്ടപ്പെടൽ വരെ പലതരത്തിൽ ഇത്തരം അഡിക്ഷൻ തലച്ചോറിനെ ഇത് ബാധിക്കുന്നു.
സെക്സ് ടോയ്കൾ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത് സ്വാഭാവിക ലൈംഗിക ബന്ധത്തെയും ഉയർന്ന സ്റ്റിമുലേഷൻ തരുന്ന രൂപത്തിലാണ്. ഇത് പിന്നീട് സ്വാഭാവിക ലൈംഗിക ബന്ധത്തിൽ ലൈംഗികാസ്വാദനം കിട്ടാതാവുന്നതിലേക്ക് നയിക്കും. സെക്സ് ടോയ്സ് ഉപയോഗിച്ചാലും ഇല്ലെങ്കിലും സ്ഥിരമായി സ്വയംഭോഗവും പോൺ ഉപയോഗവും ചെയ്യുന്നവർക്ക് പാർട്ണറുടെ കൂടെയുള്ള സെക്സിൽ ഇൻ്റിമസി നഷ്ടപ്പെടുത്തുന്നു. സ്ട്രെസ്സ് കുറയ്ക്കാനും ഉറക്കം ലഭിക്കാനും മാസ്റ്റർബേഷൻ ചെയ്യുന്നവർക്ക് ഭാവിയിൽ സ്ട്രെസ്സ് സ്വയം നിയന്ത്രിക്കാൻ കഴിയാതെ ഗുരുതര മാനസിക പ്രശ്നങ്ങൾക്ക് പോകാൻ ഇടവരുന്നു. സ്ഥിരമായ ഉപയോഗം പലതരം ലൈംഗിക വൈകല്യങ്ങളിലേക്ക് നയിക്കാനും ഇടയുണ്ട് (eg: സെക്ഷ്വൽ ഒസിഡി, പാരാഫീലിയാസ്). ഇത്തരക്കാർക്ക് സാമൂഹിക - ദാമ്പത്യ - കുടുംബ ബന്ധങ്ങളിൽ ഗുരുതര പ്രശ്നങ്ങൾ വരാനും, ചിലരെങ്കിലും ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് കുറ്റവാളികളായി മാറാനും ഇടവരുത്തുന്നു.
വ്യക്തിയെയും സമൂഹത്തെയും ബാധിക്കുന്ന അശ്ലീലതയുടെ രാഷ്ട്രീയവും കച്ചവടവൽകരണവും ചെറുത്തു തോൽപ്പിക്കപ്പെടുക തന്നെ വേണം, അത് ലിബറലിസത്തിൻ്റെ വർണങ്ങളിൽ വന്നാലും മുതലാളിത്തത്തിൻ്റെ പളപളപ്പിൽ വന്നാലും ശരി. വ്യക്തിയുടെ മാനസികാരോഗ്യ സംരക്ഷണത്തിനും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും ആരോഗ്യകരമായ നിലനിൽപ്പിനും വേണ്ടി അശ്ലീലതയോട് ഇനിയെങ്കിലും നാം 'No' പറഞ്ഞേ പറ്റൂ.