പോണോഗ്രഫിയും സെക്സ് ട്രാഫിക്കിങ്ങും തമ്മിലെന്ത്?!
ഓരോ വർഷവും സ്ത്രീകളും കുട്ടികളുമുൾപ്പെടെ ദശലക്ഷക്കണക്കിനാളുകളാണ് ലോകമാകെ മനുഷ്യക്കടത്ത് വഴിയും ലൈംഗിക ചൂഷണം വഴിയും ലൈംഗിക കച്ചവടത്തിന് ഇരയാവുന്നത്; അഥവാ സെക്സ് ട്രാഫിക്കിങ് ചെയ്യപ്പെടുന്നത്. ഇവരിൽ ഭൂരിഭാഗം പേരും ഒടുവിൽ എത്തിച്ചേരുന്നത് പോണോഗ്രഫിയിലാണ്. അശ്ലീല ചിത്രങ്ങളുടെ കമ്പോളത്തിൻ്റെ മനുഷ്യവിരുദ്ധത വ്യക്തമാകാൻ ഈ ഒരു കണക്ക് മാത്രം മതി. ലൈംഗിക മനുഷ്യക്കടത്ത് പോൺ ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ എന്ന് പരിശോധിക്കാം.
സെക്സ് ട്രാഫിക്കിങ്
നിസ്സഹായരായ മനുഷ്യരെ നിർബന്ധിച്ച് കച്ചവടാവശ്യത്തിനു വേണ്ടി ലൈംഗിക ചൂഷണത്തിനിരയാക്കുന്നതാണ് സെക്സ് ട്രാഫിക്കിങ്. മനുഷ്യക്കടത്ത് പോലെത്തന്നെ സമൂഹത്തിലെ ഏറ്റവും ദുർബലരായ മനുഷ്യരാണ് സെക്സ് ട്രാഫിക്കിങിനും ഇരയാക്കപ്പെടുന്നത് . പ്രലോഭനങ്ങൾ നൽകിയും ചതിച്ചും ഭീഷണിപെടുത്തിയും പണവും സമ്മാനങ്ങളും നൽകിയുമെല്ലാമാണ് ഇവരെ ഇരയാക്കുന്നത്.
യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രെയിമിൻ്റെ (UNODC) ആഗോള റിപ്പോർട്ട് പറയുന്നത് 79 ശതമാനം മനുഷ്യക്കടത്തും ലൈംഗികാവശ്യങ്ങൾക്ക് വേണ്ടിയാണെന്നാണ്. സ്ത്രീകളും കുട്ടികളുമാണ് ഇതിലേറ്റവും കൂടുതലും ഇരയാക്കപ്പെടുന്നത്. 6.3 ദശലക്ഷം മനുഷ്യർ ലൈംഗിക ചൂഷണത്തിനിരയാവുന്നതിൽ 78 ശതമാനവും സ്ത്രീകളും പെൺകുട്ടികളുമാണ്. അതിൽ 1.7 ദശലക്ഷം പേർ കുട്ടികളാണ്.

പോണോഗ്രഫിയും സെക്സ് ട്രാഫിക്കിങും
Sexfficking ൻ്റെ ഏറ്റവും ഞെട്ടിക്കുന്ന വശം, അശ്ലീല ചിത്ര വ്യവസായങ്ങളാണ് ഇത്തരത്തിൽ സ്ത്രീകളെയും കുട്ടികളെയുമടക്കം ചൂഷണം ചെയ്യാൻ അവസരമൊരുക്കുന്നത് എന്നതാണ്.
പോണോഗ്രഫിയും സെക്സ് ട്രാഫിക്കിംഗും വളരെയധികം ഇഴ ചേർന്ന് കിടക്കുന്ന ആഗോള മാർക്കറ്റുകളാണ്. പോൺ ഇൻഡസ്ട്രിയിൽ അഭിനയിക്കാൻ നിർബന്ധിക്കപ്പെടുന്ന ഒരുപാട് ലൈംഗിക മനുഷ്യക്കടത്തിൻ്റെ ഇരകളുണ്ട്, നിർബന്ധിത ലൈംഗിക ചൂഷണത്തിനും ബലാൽസംഗത്തിനും ഇരയാക്കി വീഡിയോ പോൺ സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യുന്നതും സാധാരണമാണ്. സിനിമയിലേക്ക് എന്ന് വാഗ്ദാനം ചെയ്തും പ്രണയം നടിച്ചും മെച്ചപ്പെട്ട ജീവിതം വാഗ്ദാനം ചെയ്തും അതിനുമപ്പുറം രക്ഷകർത്താക്കളോ ബന്ധുക്കളോ കുട്ടികളെ വില്പന നടത്തിയും തട്ടിക്കൊണ്ട് വന്നുമെല്ലാം മനുഷ്യക്കടത്തിന് ഇരയാവുന്ന പലരും പോൺ വീഡിയോകളിൽ അഭിനയിക്കാൻ നിർബന്ധിക്കപ്പെടുന്ന കഥകൾ പ്രമുഖ പോൺ താരങ്ങൾ വരെ പങ്കുവെച്ചിട്ടുള്ളതാണ്.
അമേരിക്കയിലെ നാഷണൽ ഹ്യൂമൻ ട്രാഫിക്കിംഗ് ഹോട്ട് ലൈൻ റിപ്പോർട്ട് അനുസരിച്ച് 30 ശതമാനം വരെ മനുഷ്യക്കടത്തിന് ഇരയാവുന്നവർ എത്തിപ്പെടുന്നത് പോൺ ഇൻഡസ്ട്രിയിൽ ആണെന്നാണ്.
ഇത്തരത്തിൽ മനുഷ്യക്കടത്തിനും ലൈംഗികചൂഷണത്തിനും ഇരയായി പോൺ വ്യവസായത്തിൽ അഭിനേതാക്കളാകേണ്ടി വരുന്ന പലർക്കും അത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കാറുണ്ട്. പലതരം ശാരീരികമാനസിക വൈകാരിക ട്രോമകളിലൂടെ കടന്നുപോകുന്ന ഇവരിൽ പലർക്കും പിന്നീട് സാധാരണ ജീവിതം സാധ്യമാവാറില്ല. ചൂഷണത്തിനിരയായി എന്ന് തിരിച്ചറിഞ്ഞിട്ടും തിരിച്ചുപോവാൻ ഒരു ജീവിതം ബാക്കി ഇല്ലാത്തവർ ആ മേഖലയിൽ തന്നെ തുടരുന്നതും പതിവാണ്.
അവർ നേരിടുന്ന ചൂഷണങ്ങളിൽ നിന്നുമുള്ള ശാരീരിക-മാനസിക- വൈകാരിക ട്രോമകൾക്ക് പുറമേ അവരുടെ വീഡിയോകൾ പ്രചരിക്കുന്നത് വഴിയുള്ള ആത്മാഭിമാന ക്ഷതവും കുറ്റബോധവും ആത്മനിന്ദയും ഇരകളെ തകർത്തുകളയുന്നു. പുറത്തുവന്ന വീഡിയോകളിൽ നിന്ന് ചുറ്റുമുള്ള സമൂഹം അവരെ തിരിച്ചറിയുമെന്ന ഭയം മൂലം സാമൂഹ്യ ജീവിതത്തിലേക്ക് തിരിച്ചു വരാനും നിയമനടപടികൾ സ്വീകരിക്കാൻ പോലും അവർക്കാവില്ല.
ഇതിൻ്റെ ഭാഗമായുണ്ടാവുന്ന മാനസിക പ്രശ്നങ്ങളും ലഹരി ഉപയോഗവും അവരെ ചൂഷണ വലയത്തിൽ നിന്ന് പുറത്ത് കടക്കാൻ പറ്റാത്ത വിധം മാനസിക അടിമത്തത്തിലേക്ക് നയിക്കുന്നു. പലരും ആത്മഹത്യയിൽ അഭയം തേടുന്നു. പോൺ അഭിനേതാക്കൾക്കിടയിൽ ഡിപ്രഷൻ, പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോഡർ (PTSD) അടക്കമുള്ള വിവിധ മാനസിക പ്രശ്നങ്ങൾ വളരെക്കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു (Grudzen, et al 2009). 12 ആഴ്ചക്കിടയിൽ 5 പോൺ അഭിനേതാക്കൾ ആത്മഹത്യ ചെയ്തതായാണ് CBC Newsൻ്റെ 2019ലെ ഒരു റിപ്പോർട്ടിൽ പറയുന്നത്.
പോൺ അഭിനേതാക്കൾ നേരിടുന്ന പ്രശ്നങ്ങളിൽ ഒതുങ്ങുന്നതുമല്ല പോണോഗ്രഫി വ്യവസായത്തിൻ്റെ സാമൂഹിക പ്രശ്നങ്ങൾ, പോൺ കാണുന്നവരിൽ പലരും അഡിക്റ്റ് ആയി മാറുന്നതും വിവിധ മാനസിക പ്രശ്നങ്ങൾക്ക് ഇരകളാവുന്നതും സാധാരണമാണ് (Altin, et al. 2024). അവരിൽ തന്നെ ഒരു വിഭാഗം അത് മൂലം ലൈംഗിക ചൂഷകരായി മാറുന്നതും പോണോഗ്രഫി സൃഷ്ടിക്കുന്ന സാമൂഹിക-മാനസിക പ്രശ്നങ്ങളുടെ മറ്റൊരു വശമാണ്. പല പഠനങ്ങളും ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നു. പോൺ വീഡിയോകളിൽ പ്രത്യക്ഷപ്പെടുന്ന വയലന്റ് കണ്ടന്റുകളിൽ 97 ശതമാനത്തിലും സ്ത്രീകളാണ് ഇരയാക്കപ്പെടുന്നതെന്നും ഇത് സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളെ നോർമലൈസ് ചെയ്യാനിടയാക്കുന്നെന്നും 2020ലെ ഒരു പഠനം പറയുന്നു (Fritz, et al. 2020).
വെല്ലുവിളികൾ
പോൺ ഇൻഡസ്ട്രി പൊതുവേ രഹസ്യ സ്വഭാവത്തിൽ പ്രവർത്തിക്കുന്നതുകൊണ്ട് തന്നെ മനുഷ്യ കടത്തിനും ലൈംഗിക ചൂഷണത്തിനും ഇരയാവുന്ന വരെ കണ്ടെത്തുക എളുപ്പമല്ല. പല ഇരകളെയും മാനിപ്പുലേറ്റ് ചെയ്ത് ചൂഷണം അവരുടെ കൺസെൻ്റോടെ തന്നെയാണെന്ന് വിശ്വസിപ്പിച്ചിരിക്കുന്നത് കൊണ്ടും, പ്രലോഭനങ്ങളും ഭീഷണികളും വഴി പിടിച്ച് വെച്ചിരിക്കുന്നത് കൊണ്ടും പരാതികൾ പുറം ലോകത്ത് എത്താറില്ല. നല്ല ജീവിതം ലഭിക്കുമെന്ന് കാണുന്നത് വഴിയും മറ്റ് മാർഗമില്ലാത്തത് കൊണ്ടും പലരും സ്വയം ഫീൽഡിൽ തുടരാൻ സ്വയം തീരുമാനിക്കാറുമുണ്ട്.
പോണോഗ്രഫി യും ലൈംഗിക മനുഷ്യക്കടത്തും പരസ്പരപൂരകങ്ങളാണ് എന്ന് പകൽ പോലെ വ്യക്തമാണ്. സെക്സ് ട്രാഫിക്കിങ് തെറ്റാണ് എന്ന് എല്ലാവരും അംഗീകരിക്കുമെങ്കിലും പോണോഗ്രഫിയെ കേവലം എൻ്റർടൈൻമെൻ്റ് ഇൻഡസ്ട്രി ആയി കാണാനാണ് പലർക്കും ഇഷ്ടം. ഒന്ന് കുറ്റകൃത്യവും മറ്റൊന്ന് നിയമപരമായ ബിസിനസും! പോണോഗ്രഫി തുടരുന്നിടത്തോളം കാലം സെക്സ് ട്രാഫിക്കും തുടരും എന്ന യാഥാർത്ഥ്യത്തെ അംഗീകരിക്കാത്തിടത്തോളം കാലം ഇനിയും ഈ മേഖലയിൽ ദശലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും ചൂഷണം ചെയ്യപ്പെടും, അരികുവൽക്കരിക്കപ്പെട്ട മനുഷ്യർ ഇനിയും ഇരകളാക്കപ്പെടും!
References & Further Reading
- United Nations Office on Drugs and Crime (UNODC). (2020). Trafficking in Persons: Global Report on Trafficking in Persons. UNODC Report
- National Human Trafficking Hotline. (n.d.). National statistics. https://humantraffickinghotline.org/en/statistics
- Peters, S (2020). Pornography & sex trafficking. Unbound Now. https://unboundnow.org/pornography-amp-sex-trafficking/
- End Slavery Now (2022). The relationship between porn and human trafficking. https://www.endslaverynow.org/blog/articles/the-relationship-between-porn-and-human-trafficking
- Grudzen, C. R., Ryan, G., Margold, W., Torres, J., & Gelberg, L. (2009). Pathways to health risk exposure in adult film performers. Journal of urban health : bulletin of the New York Academy of Medicine, 86(1), 67–78. https://doi.org/10.1007/s11524-008-9309-4
- .CBS News. (2019). Adult film performers say the state of mental health in the industry needs more attention. https://www.cbsnews.com/news/adult-film-performers-say-the-state-of-mental-health-in-the-industry-needs-more-attention/
- Altin, M., De Leo, D., Tribbia, N., Ronconi, L., & Cipolletta, S. (2024). Problematic Pornography Use, Mental Health, and Suicidality among Young Adults. International journal of environmental research and public health, 21(9), 1228. https://doi.org/10.3390/ijerph21091228
- Fritz N, Malic V, Paul B, Zhou Y. A Descriptive Analysis of the Types, Targets, and Relative Frequency of Aggression in Mainstream Pornography. Arch Sex Behav. 2020 Nov;49(8):3041-3053. doi: 10.1007/s10508-020-01773-0. Epub 2020 Jul 13. PMID: 32661813.
- Fight the New Drug. By the numbers: Is the porn industry connected to sex trafficking? https://fightthenewdrug.org/by-the-numbers-porn-sex-trafficking-connected/
- Siddiqui, J (2022). Adult film industry and human rights violations. Lawctopus. https://www.lawctopus.com/academike/adult-film-industry-and-human-rights-violations/
Translated from : Fathima Shirin.N